Kerala
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും ഹാജരാകണമെന്ന് കോടതി. ഈ മാസം 18 നു ഹാജരാകാനാണ് നിർദേശം. അന്ന് കുറ്റങ്ങൾ വായിച്ചു കേൾപ്പിക്കും.
വയനാട് മേപ്പാടിയിൽ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങൾ വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാപാരിയായ അലിയാർക്ക് വിൽപ്പന നടത്തി വിശ്വാസ വഞ്ചന നടത്തിയെന്നാണ് കേസ്. കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഗസ്റ്റിൻ സഹോദരങ്ങൾ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു.
Kerala
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി റോജി എം. അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവർക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.
അടുത്ത18ന് കേസ് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ആറിനും പത്തിനും കേസ് പരിഗണിച്ചിരുന്നെങ്കിലും പ്രതികൾ ഹാജരായിരുന്നില്ല. തുടർച്ചയായി കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. 2021ലാണ് എറണാകുളം കരിമുകളിൽ പ്രവർത്തിക്കുന്ന മലബാർ ടിംബർ സ്ഥാപന ഉടമ എം.എം. അലിയാർ അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ പരാതി നൽകിയത്.
വയനാട്ടിൽ നിന്ന് മുറിച്ച ഈട്ടി മരങ്ങൾ കരിമുകളിലെ അലിയാറിന്റെ മലബാർ ടിംബർ സ്ഥാപനത്തിലാണ് വിൽപ്പന നടത്തിയിരുന്നത്. തനിക്ക് വിൽപ്പന നടത്തിയ മരങ്ങൾ അനധികൃതമായി മുറിച്ചവയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അലിയാർ പരാതി നൽകിയത്. തുടർന്നാണ് അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
കേസിന്റെ തുടർനടപടികളുടെ ഭാഗമായാണ് ഇപ്പോൾ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി പ്രതികൾക്കെതിരെ ജാമ്യമില്ലാ വാറൻഡ് പുറപ്പെടുവിച്ചിരിക്കുന്നത്. മരം കൊണ്ടുപോകാന് പ്രത്യേക പാസായ ഫോം 3 ആവശ്യമില്ലെന്നായിരുന്നു ഇവരുടെ വാദം. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും പ്രതികളുടെ ഹര്ജി തള്ളിയിരുന്നു.
Kerala
കൽപ്പറ്റ: മുട്ടിൽ മരംമുറി കേസിൽ അന്വേഷണത്തിലും നടപടികളിലും വനംവകുപ്പിന്റെ നിലപാടുകൾ ശരിവച്ച് കോടതി. പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളുടെ അപ്പീൽ തള്ളിക്കൊണ്ടുള്ള കോടതി വിധിയുടെ വിശദാംശങ്ങൾ പുറത്ത്. പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ ഉന്നയിച്ച വാദങ്ങളൊന്നും കോടതിയിൽ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.
പിടിച്ചെടുത്ത തടികൾ സർക്കാരിന്റേതല്ലെന്ന് തെളിയിക്കാൻ ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ പ്രതികൾക്ക് കഴിഞ്ഞില്ലെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു. പിടിച്ചെടുക്കുന്ന ഉത്പന്നങ്ങൾ വനവിഭവമാണോ എന്ന് തീരുമാനിക്കാൻ സർക്കാരിന് നിയമപരമായ അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
നാട്ടിലെ നിയമങ്ങളെ സർക്കാർ ഉത്തരവുകൾ കൊണ്ടോ സർക്കുലറുകൾ കൊണ്ടോ മറികടക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. നിലവിലെ ചീഫ് സെക്രട്ടറിയും അന്നത്തെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന ജയതിലക് ഇറക്കിയ വിവാദ സർക്കുലർ ഉപയോഗിച്ചാണ് പ്രതികൾ മരംമുറി നടത്തിയത്. എന്നാൽ ഇത്തരം സർക്കുലറുകൾക്ക് നിയമപരമായ സാധുതയേക്കാൾ മുകളിൽ നിൽക്കാൻ കഴിയില്ലെന്ന് കോടതി ഓർമിപ്പിച്ചു.
‘സൂര്യ ടിമ്പേഴ്സ്' എന്ന പേരിൽ തടിക്കച്ചവടം നടത്താൻ തങ്ങൾക്ക് ലൈസൻസ് ഉണ്ടെന്നായിരുന്നു പ്രതികളുടെ മറ്റൊരു വാദം. എന്നാൽ ഇതിനാവശ്യമായ വനംവകുപ്പിന്റെ പ്രോപ്പർട്ടി മാർക്ക് രജിസ്ട്രേഷനോ മറ്റ് ഔദ്യോഗിക രേഖകളോ ഹാജരാക്കാൻ അവർക്ക് സാധിച്ചില്ല. ഈ സാഹചര്യത്തിൽ ഈട്ടിത്തടികൾ കണ്ടുകെട്ടിയ ഡിഎഫ്ഒയുടെ നടപടി നിയമപരവും മുൻകാല കോടതി വിധിന്യായങ്ങൾക്ക് അനുസൃതവുമാണെന്ന് കോടതി വിധിച്ചു.
തങ്ങളുടെ ഭാഗം വിശദീകരിക്കാൻ ഡിഎഫ്ഒ നോട്ടീസ് നൽകിയിട്ടില്ലെന്ന പ്രതികളുടെ വാദവും കോടതി തള്ളിക്കളഞ്ഞു. ഹിയറിംഗിനായി പലതവണ നോട്ടീസ് നൽകിയിട്ടും പ്രതികൾ ഹാജരാവുകയോ മറുപടി നൽകുകയോ ചെയ്തില്ലെന്ന് കോടതി നിരീക്ഷിച്ചു.